Saturday, 18 May 2013

സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്

കവിത - സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്
രചന - ടി.കെ.അലി

ആലാപനം - ശിഹാബ്‌




അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
അതുകേട്ടോരടിയും ചരിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
തിരികെട്ടു പോയ വിളക്കിന്നു മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്‍ ആയുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌ക്രിതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്ക്കവേ
ചാറിയ മിഴിനീരിനര്‍ത്തമാരറിയുവാന്‍
ഒരുനാളിലോരുവേള ഞാനുമെന്റമ്മയും
ഒരുമിച്ചു നില്ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപിടിക്കവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരുദിനം സകല സൗഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്ന് നിനച്ചമ്മ
കാത്തു കാത്തോടുവില്‍ മരിച്ചുപോയോരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
അതുകേട്ടോരടിയും ചരിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്‌