Saturday, 18 May 2013

സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്

കവിത - സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്
രചന - ടി.കെ.അലി

ആലാപനം - ശിഹാബ്‌




അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
അതുകേട്ടോരടിയും ചരിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
തിരികെട്ടു പോയ വിളക്കിന്നു മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്‍ ആയുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌ക്രിതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്ക്കവേ
ചാറിയ മിഴിനീരിനര്‍ത്തമാരറിയുവാന്‍
ഒരുനാളിലോരുവേള ഞാനുമെന്റമ്മയും
ഒരുമിച്ചു നില്ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപിടിക്കവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരുദിനം സകല സൗഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്ന് നിനച്ചമ്മ
കാത്തു കാത്തോടുവില്‍ മരിച്ചുപോയോരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
അതുകേട്ടോരടിയും ചരിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്‌



Tuesday, 26 March 2013

ഇനി വരുന്നൊരു തലമുറയ്ക്ക്

കവിത :- ഇനി വരുന്നൊരു തലമുറയ്ക്ക്






ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ..................?
മലിനമായ ജലാശയം
അതി മലിനമായൊരു ഭുമിയും
തണലുകിട്ടാന് തപസ്സിലാണി
ന്നിവിടെയെല്ലാ മലകളും
ദാഹനീരിനു നാവുനീട്ടി
വരണ്ടു പുഴകള് സര്വവും ( ഇനി ... )
കാറ്റുപോലും വീര്പ്പടക്കി
കാത്തുനില്കും നാളുകള്
ഇവിടെയെന്നെന് പിറവിയെന്നായ്
വിത്തുകള് തന് മന്ത്രണം
ഇലകള് മൂടിയ മര്മരം
കിളികള് പാടിയ പാട്ടുകള്
ഒക്കെയിന്നു നിലച്ചു കേള്പതു
പൃഥ്വി തന്നുടെ നിലവിളി
നിറങ്ങള് മായും ഭുതലം
വസന്തമിന്നു വരാത്തിടം
നാളെ നമ്മുടെ ഭുമിയോ
മഞ്ഞു മൂടിയ പാഴ്നിലം
സ്വാര്ത്ഥചിന്തകളുളിലേറ്റി
സുഖങ്ങള് എല്ലാം കവരുമ്പോള്
ചുട്ടെരിച്ചു കളഞ്ഞുവോ
ഭുമി തന്നുടെ നന്മകള് ( ഇനി ... )
നനവു കിനിയും മനസ്സുണര്ന്നാല്
മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്ക് നീങ്ങാം
തുയിലുണര്ത്തുക കൂട്ടരേ
പെരിയ ഡാമുകള് രമ്യഹര്മ്മ്യം
അണുനിലയവും യുദ്ധവും
ഇനി നമുക്കീ മണ്ണില് വേണ്ട
ന്നൊരു മനസ്സായി ചൊല്ലിടാം
വികസനം അത് മര്ത്യ മനസ്സിന്
അതിരില് നിന്ന് തുടങ്ങണം
വികസനം അത് നന്മപൂക്കും
ലോകസൃഷ്ടടിക്കാവണം ( ഇനി .....)


 

Saturday, 2 March 2013

ഭൂമിക്ക് ഒരു ചരമഗീതം - ഓ.എന്‍.വി


കവിത - ഭൂമിക്ക് ഒരു ചരമഗീതം
രചന - ഓ.എന്‍.വി.കുറുപ്പ്
സംഗീതം - കെ.പി.ബാലകൃഷ്ണന്‍
ആലാപനം - സംഗീത ബാലകൃഷ്ണന്‍.




ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!


നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!


Wednesday, 30 January 2013

എന്റെ ഗ്രാമം - സി.വി.അബ്ദുല്‍ റഷീദ്‌.


കവിത:  എന്റെ ഗ്രാമം
 രചന:  സി.വി.അബ്ദുല്‍ റഷീദ്‌.


കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ അഗമാനതിനായ് മൂകനായി...
ആശ്ചര്യ മില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി...
..ഓര്‍ക്കുന്നു ഞാനിന്നീ മരുഭുമിയില്‍ നിന്നും ...ദൈവനാടിന്റെ ആ ഗ്രാമ ഭംഗി...
ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്നു വിരഹ ദുഖത്തിന്റെ വേദനയില്‍..
മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി ...
കലപില ശബ്ദമായ് നിദ്രയുനര്തുന്ന ...കിളികളെ കാണുവാന്‍ എന്ത് ഭംഗി... കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം....

ടാറിട്ട റോഡില്ല വൈദ്യുദിയുമില്ല ഓലയാല്‍ മേഞ്ഞുള്ള കൂരകളും
...
നിദ്രയുണര്‍ന്നു ഞാന്‍ നേരെ നടന്നല്ലോ ആ കൊച്ചു പാട വരംബിലൂടീ... മകരമാസത്തിന്റെ മഞ്ഞിന്‍ കണങ്ങളെ മുത്തുപോല്‍ തഴുകിയ പുല്ലിലൂടെ ...
ഞാറു പറിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടന്ന് ...ഉഴുതു മറിക്കുന്ന ആണുങ്ങളും ..
കര്‍ഷക പാട്ടിന്റെ ആ നല്ല വരികള്‍ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി..
വിദ്യാലയങ്ങള്‍ക്ക് അവധി ഉണ്ടാകുമ്പോള്‍ ...
കുട്ടികള്‍ തെരുവില്‍ നിറഞ്ഞിരുന്നു ബാലികബാലന്മാര്‍ ഒന്നായി നിരന്നു ..
ഗ്രാമത്തിന്‍ ഐശ്വര്യ ദീപം പോലെ ..
മീനു പിടിച്ചതും തുമ്പി പിടിച്ചതും ചെളിയില്‍ കളിച്ചതും ഓര്മതന്നെ ..
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ ..
കുന്നിലെ മരമില്ല പാടങ്ങള്‍ ഇല്ലിന്നു ..ഉഴുതു മറിയില്ല പാട്ടുമില്ല ...
ഗ്രാമത്തിന്‍ ഐശ്വര്യ ദീപമായി നിന്ന ബാലികബാലന്മാര്‍ എങ്ങുമില്ല ...
കാലികള്‍ നില്‍ക്കും തൊഴുത്തുകള്‍ പോലുമിന്ന്‍ ഓലയാല്‍ എങ്ങും അശേഷം ഇല്ല ..
കര്‍ഷക പാട്ടില്ല കര്‍ഷകരുമില്ല എന്തൊരു ദുര്‍വിധി ലോകനാധാ ..

വൈദ്യുദി ഉണ്ടിന്നു കേബിളും ഫോണും ..കുട്ടിഫോണിന്റെ ടവറുകളും ..
സൌഭാഗ്യം ഇങ്ങനെ ചേര്‍ന്ന് നിന്നിട്ടും ..എന്തെ ഇന്നാര്‍ക്കും സമയമില്ല..
എന്തെ ഇന്നാര്‍ക്കും സമയമില്ല……….





Tuesday, 29 January 2013

പ്രണയം - മധുസൂദനന്‍ നായര്‍

 കവിത:  പ്രണയം
രചന: മധുസൂദനന്‍ നായര്‍




പ്രണയം ..... അനാദിയാം അഗ്നി നാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ച് ഉണര്‍ന്നപ്പോള്‍
പ്രണവം ആയ്‌ പൂവിട്ടോരമൃത ലാവണ്യം
ആത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം ;പ്രണയം.........

തമസ്സിനെ തൂനിലവക്കും...
നിരാര്‍ദ്രമം തപസ്സിനെ താരുണ്യമാക്കും
താരങ്ങളായി സ്വപ്ന രാഗങ്ങലായ്
ഋതു താളങ്ങളാല്‍ ആത്മ ദാനങ്ങളാല്‍
അനന്തതയെപ്പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതം ആകുന്നു
പ്രപഞ്ചം മനോജ്ഞം ആകുന്നു
പ്രണയം.......

ഇന്ദ്രിയ ദാഹങ്ങള്‍ ഫണംഉയര്‍ത്തുമ്പോള്‍
അന്ധമം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലംബുന്നു പാപം ജ്വലിക്കുന്നു...
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു...
വഴിയില്‍ ആക്കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു, പ്രപഞ്ചം അശാന്തമാകുന്നു....




അനാഥന്‍ - അനിൽ പനച്ചൂരാൻ

 കവിത: അനാഥന്‍
രചന: അനില്‍ പനച്ചൂരാന്‍





ഇടവമാസപ്പെരുംമഴപെയ്ത രാവതിൽ
കുളിരിന്നു കൂട്ടായി ഞാൻ നടന്നു
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ
തേങ്ങലെൻ കാതിൽ പതിഞ്ഞു

തെരുവിന്റെ കോണിലാ പീടികത്തിണ്ണയിൽ
ഒരു കൊച്ചുകുഞ്ഞിൻ കരച്ചിൽ
ഇരുളും തുരന്നു ഞാനവിടേയ്ക്കു ചെല്ലുമ്പോൾ
ഇടനെഞ്ചറിയാതെ തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയിൽ കണ്ടു
നഗ്നയാമവളുടെ തുടചേർന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും

അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടി സാക്ഷിയായ് ഞാനും
അമ്മയുടെ നോവാറിയില്ല
ആ ഭ്രാന്തി കുഞ്ഞിനെ കൺ ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാൽനിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ നോവും നിറമാറുമായ്

രാത്രിയുടെ ലാളനയ്ക്കായ് തുണ തേടി
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
ഉദരത്തിലൊരു തുള്ളി ബീജം
ഭരണാർത്ഥി വർഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം

ഭ്രാന്തി തൻ പ്രജ്ഞയിൽ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതി തൻ
തെളിവായി ഭ്രൂണം വളർന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണി കൊണ്ടവൾ
ഗർഭം പുതച്ചു നടന്നു
ഗർഭം പുതച്ചു നടന്നു
അവളറിയാതവൾ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്കീർത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകൽ മാന്യ മാർജ്ജാരവർഗ്ഗം

ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയിൽ ബന്ധമറ്റപ്പോൾ
കണ്ടവർ കണ്ടില്ലയെന്നു നടിപ്പവർ
നിന്ദിച്ചു കൊണ്ടേ അകന്നു

ഞാനിനി എന്തെന്നറിയാതെ നില്ക്കവെ
എൻ കണ്ണിലൊരു തുള്ളി ബാഷ്പം
എൻ കണ്ണിലൊരു തുള്ളി ബാഷ്പം




Friday, 25 January 2013

പ്രണയകാലം-അനില്‍ പനച്ചൂരാന്‍

കവിത: പ്രണയകാലം
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍





ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം
എന്‍റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍,
ഒരു മധുരമായന്നും ഓര്‍മ്മ വെക്കാന്‍
ചാരു ഹൃദയാഭിലാഷമായ്‌ കരുതിവെക്കാന്‍...

കനലായ് നീ നിന്നെരിഞ്ഞോര നാളിലെന്‍
അറകള്‍-നാലറകള്‍; നിനക്കായ്‌ തുറന്നു
നറുപാല്‍കുടം ചുമന്നെത്രയോ മേഘങ്ങള്‍...
മനമാറുവോളം നിറമാരി പെയ്തു
കറുക തടത്തിലെ മഞ്ഞിന്‍കണംതൊട്ടു
കണ്ണെഴുതുമാ വയല്‍കിളികള്‍
ഓളം വകെഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുംമ്മവെച്ചങ്ങു പാടി..

ഒരു വിളിപ്പാടകലെ നില്‍ക്കും ത്രിസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞു..
ഞാന്‍ ഒരു ഗാനമായ് പൂപൊലിച്ചു

നാട്ടുവെളിച്ചം വഴി വെട്ടിയിട്ടോരീ
ഉഷമലരി പൂക്കുന്നതൊടിയില്‍
മണ്‍ത്തരികളറിയാതെ നാം നടന്നു..
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞു
ഹൃദയമാമാകാശ ചെരുവിലാ താരകം
കണ്‍ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍...
ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും...