Tuesday 29 January 2013

അനാഥന്‍ - അനിൽ പനച്ചൂരാൻ

 കവിത: അനാഥന്‍
രചന: അനില്‍ പനച്ചൂരാന്‍





ഇടവമാസപ്പെരുംമഴപെയ്ത രാവതിൽ
കുളിരിന്നു കൂട്ടായി ഞാൻ നടന്നു
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ
തേങ്ങലെൻ കാതിൽ പതിഞ്ഞു

തെരുവിന്റെ കോണിലാ പീടികത്തിണ്ണയിൽ
ഒരു കൊച്ചുകുഞ്ഞിൻ കരച്ചിൽ
ഇരുളും തുരന്നു ഞാനവിടേയ്ക്കു ചെല്ലുമ്പോൾ
ഇടനെഞ്ചറിയാതെ തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയിൽ കണ്ടു
നഗ്നയാമവളുടെ തുടചേർന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും

അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടി സാക്ഷിയായ് ഞാനും
അമ്മയുടെ നോവാറിയില്ല
ആ ഭ്രാന്തി കുഞ്ഞിനെ കൺ ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാൽനിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ നോവും നിറമാറുമായ്

രാത്രിയുടെ ലാളനയ്ക്കായ് തുണ തേടി
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
ഉദരത്തിലൊരു തുള്ളി ബീജം
ഭരണാർത്ഥി വർഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം

ഭ്രാന്തി തൻ പ്രജ്ഞയിൽ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതി തൻ
തെളിവായി ഭ്രൂണം വളർന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണി കൊണ്ടവൾ
ഗർഭം പുതച്ചു നടന്നു
ഗർഭം പുതച്ചു നടന്നു
അവളറിയാതവൾ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്കീർത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകൽ മാന്യ മാർജ്ജാരവർഗ്ഗം

ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയിൽ ബന്ധമറ്റപ്പോൾ
കണ്ടവർ കണ്ടില്ലയെന്നു നടിപ്പവർ
നിന്ദിച്ചു കൊണ്ടേ അകന്നു

ഞാനിനി എന്തെന്നറിയാതെ നില്ക്കവെ
എൻ കണ്ണിലൊരു തുള്ളി ബാഷ്പം
എൻ കണ്ണിലൊരു തുള്ളി ബാഷ്പം




No comments:

Post a Comment