Monday 21 January 2013

നീലിമയോട്


കവിത: നീലിമയോട്
രചന: പവിത്രന്‍ തീക്കുനി
ആലാപനം: പി.കെ. കൃഷ്ണദാസ്

നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളൊക്കെയും

ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില്‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍

പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍

മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റെ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍

വാക്കുകള്‍ക്കിടയില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍

സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍

രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹങ്കല്‍പ്പങ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്ധനങ്ങള്‍

കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍

എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങനെ..
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങനെ..
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങനെ

നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!
നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!


No comments:

Post a Comment